'മീശയും മുണ്ടും ജീപ്പും ഒരു സിനിമയുടെ വിജയഘടകങ്ങളാകണമെന്നില്ല, ആ ചേരുവകളൊക്കെയുള്ള ഒരുപാടു ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്'; മോഹന്‍ലാല്‍

മലയാള സിനിമ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നായകനായി മോഹന്‍ലാല്‍ എന്നീ രണ്ട് പ്രത്യേകതകളാണ് ചിത്രത്തെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നത്. റിലീസ് അടുത്തതോടെ സിനിമയുടെ പുറത്തു വരുന്ന വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും സ്വീകാര്യതയേറുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മീശയും മുണ്ടും ജീപ്പും ഒരു സിനിമയുടെ വിജയഘടകങ്ങളാകണമെന്നില്ല എന്നു പറയുകയാണ് മോഹന്‍ലാല്‍. ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മീശയും മുണ്ടും ജീപ്പും ഒരു സിനിമയുടെ വിജയ ഘടകങ്ങളാകണമെന്നില്ല. ആ ഗെറ്റപ്പില്‍ വന്ന ചില സിനിമകള്‍ വിജയിച്ചിട്ടുണ്ട്. ചിലത് പരാജയപ്പെട്ടിട്ടുണ്ട്. നരസിംഹം വലിയ വിജയമായിരുന്നു. അതിന് ശേഷം ആ ചേരുവകളൊക്കെ ചേര്‍ത്ത് എടുത്ത ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടു. തിരക്കഥ അനുസരിച്ചാണ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി ഹൈറേഞ്ചില്‍ ജീവിക്കുന്ന ഒരാളാണ്. ഹൈറേഞ്ചില്‍ ഉപയോഗത്തിലുള്ള പ്രധാന ഒരു വാഹനം ജീപ്പായതിനാല്‍ അയാള്‍ക്ക് ജീപ്പുണ്ട്. രാഷ്ട്രീയക്കാരനായതു കൊണ്ട് മുണ്ടുടുക്കുന്നു” മോഹന്‍ലാല്‍ പറഞ്ഞു.

പൃഥ്വിരാജ് എന്ന സംവിധായകനില്‍ വിശ്വാസമുണ്ടെന്നും ലൂസിഫര്‍ വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ചിത്രം ഈ മാസം 28 ന് തന്നെ തിയേറ്ററുകളിലെത്തും.