ഞാന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകന്‍, മമ്മൂട്ടിയെ ആദരിക്കാന്‍ അവസരം കിട്ടിയത് വലിയ ഭാഗ്യം: സജി ചെറിയാന്‍

താന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കടുത്ത ആരാധകനെന്ന് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വളരെ ചെറുപ്പത്തിലെ തന്നെ താന്‍ മമ്മൂട്ടിയുടെ ആരാധകനായെന്നും കൗമുദി ടിവിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മന്ത്രിയായപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ആലോചിച്ചു. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് തികച്ച മമ്മൂട്ടിക്ക് ആദരമായി ഒരു പരിപാടി സംഘടിപ്പിക്കണമെന്ന്. കാരണം ഈ അമ്പത് വര്‍ഷം കൊണ്ട് എത്രയോ പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. അങ്ങനെയുള്ള ഒരു പ്രതിഭയെ സാംസ്‌കാരിക വകുപ്പ് ആദരിക്കുക എന്നത് നമ്മുടെ ഒരു മാന്യതയുടെ ഭാഗമാണ്.

കോവിഡിന് ശേഷം ഒരു ഉത്സവഛായയില്‍ നടത്താനായിരുന്നു തീരുമാനം. പക്ഷേ പൈസമുടക്കിയുള്ള ആദരവ് വേണ്ടെന്ന് മമ്മൂട്ടി തന്നെ പറയുയായിരുന്നു. പക്ഷേ തീര്‍ച്ചയായും അദ്ദേഹത്തെ ആദരിക്കും. സജി ചെറിയാന്‍ വ്യക്തമാക്കി.