മനസ്സുകളെ പിടിച്ചുലയ്ക്കുന്ന വിധി !

മനുഷ്യരുടെ പ്രാഥമിക ആവശ്യങ്ങളില്‍ ഭക്ഷണവും വസ്ത്രവും കഴിഞ്ഞാല്‍ മൂന്നാമത്തേതാണ് പാര്‍പ്പിടം. വേഗയേറിയ ലോകത്ത് അനുനിമിഷം ഭൂമിക്ക് വിലയേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എത്ര അദ്ധ്വാനിച്ചാലം ഒരു കൂരയെങ്കിലും സ്വന്തമാക്കുന്നത് ജീവിതത്തിന്റെ നല്ലൊരു ഭാഗം പിന്നിട്ടതിനുശേഷമായിരിക്കും. തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നുപോലുമറിയാതെ ഒരു കുടുംബം സ്വന്തം വീട്ടില്‍നിന്നും ഇറങ്ങിപ്പോകേണ്ട അവസ്ഥയുണ്ടെങ്കില്‍ അത് എത്ര ദയനീയമായിരിക്കും.

വിലകൊടുത്തു വാങ്ങിയ പാര്‍പ്പിടസമുച്ചയം അവിടത്തെ അന്തേവാസികളെ കുടിയൊഴിപ്പിച്ചതിനുശേഷം തകര്‍ത്തുകളഞ്ഞതിന് കേരളം സാക്ഷ്യം വഹിച്ചതാണ്. ആ സംഭവത്തെ അധികരിച്ച് കഥ പറയുന്ന ചിത്രമാണ് അബാം മൂവീസ് നിര്‍മ്മിച്ച് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത വിധി. പ്രമേയംകൊണ്ടും നിര്‍മ്മിതികൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രം ചില നിയമനടപടികളുടെ സാഹചര്യത്തില്‍ റിലീസ് നീണ്ടുപോയതിനൊടുവിലാണ് ഇന്ന് (ഡിസം.30) തീയറ്ററുകളിലെത്തിയത്.

വിവിധ ജീവിതസാഹചര്യങ്ങളില്‍ നിന്നും വരുന്ന കുറേ കുടുംബങ്ങള്‍ ചേക്കേറിയ ചില്ലയാണ് ഗോള്‍ഡന്‍ സാന്റ് എന്ന പാര്‍പ്പിടസമുച്ചയം. കായലിനെ തൊട്ടിരിക്കുന്ന പ്രകൃതി സൗന്ദര്യം വാരിക്കോരി നല്‍കിയ ഒരു തീരത്താണ് അത് സ്ഥിതിചെയ്യുന്നത്. അവിടെ വിദേശത്ത് സ്ഥിരതാമസമാക്കിയ മക്കള്‍ തിരിഞ്ഞുനോക്കാത്ത വൃദ്ധ മാതാപിതാക്കളുണ്ട്. കിടപ്പു രോഗികളുണ്ട്. വിവാഹമോചനത്തിന്റെ കോടതിവിധി കാത്ത് ഒരു മുറിയില്‍ കഴിഞ്ഞുകൂടേണ്ടിവരുന്ന ദമ്പതികള്‍. വിവിധ ഭാഷക്കാര്‍. അവര്‍ക്കിടയില്‍ മൊട്ടിട്ട പ്രണയം. ഭാര്യയാല്‍ വഞ്ചിക്കപ്പെട്ട കലാകാരന്‍. ദത്തെടുത്ത കുഞ്ഞിനെ കൂട്ടിവരാന്‍ കൊതിച്ചിരിക്കുന്ന അച്ഛനും അമ്മയും. അജ്ഞാതഭൂതകാലമുള്ള കര്‍ക്കശക്കാരിയായ അസോസിയേഷന്‍ സെക്രട്ടറി. ഇവരെയെല്ലാം ചുറ്റിപ്പറ്റി ജീവിതം തേടുന്ന തേപ്പുപണിക്കാര്‍, കെയര്‍ടെയ്ക്കര്‍, സെക്യൂരിറ്റി, ജലവിതരണക്കാരന്‍ അങ്ങനെ പല മനുഷ്യരുടെ സമ്മേളനമാണവിടം.

അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിനിടയിലാണ് സകലരെയും നടുക്കുന്ന കോടതിവിധി അസോസിയേഷന്‍ സെക്രട്ടറി അലീന (ഷീലു അബ്രഹാം) പ്രഖ്യാപിക്കുന്നത്. പരിസ്ഥിതിലോല പ്രദേശത്ത് അനധികൃതമായി കെട്ടിപ്പൊക്കിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഫ്‌ളാറ്റ് പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി വിധിച്ചിരിക്കുന്നു. അവരുടെ മനസ്സുകളില്‍ മിന്നിത്തെളിഞ്ഞുനിന്ന പ്രകാശംമുഴുവനും ഒരു നിമിഷംകൊണ്ട് കെട്ടടങ്ങി. അവിടത്തെ താമസക്കാരന്‍കൂടിയായ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനുതന്നെ (ബൈജു) ഒഴിപ്പിക്കലിനുള്ള നോട്ടീസ് പതിക്കേണ്ടിവരുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ പ്രക്ഷുബ്ധമാകുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ശേഷം കഥ.

ഫ്‌ളാറ്റ് സംഭവവികാസങ്ങള്‍ക്ക് സമാന്തരമായിപ്പോകുന്ന മറ്റൊരു കഥകൂടിയുണ്ട് സിനിമയില്‍. സഹജീവികളുടെ ജീവനോ ജീവിതത്തിനോ ഒരിറ്റു മൂല്യം കല്‍പ്പിക്കാത്ത, പണക്കൊതിപൂണ്ട വഞ്ചനകരോട് കാലം കണക്കുചോദിക്കും എന്നോര്‍മ്മിപ്പിക്കുന്ന കഥയുടെ ആ ഘട്ടം ഇണക്കിച്ചേര്‍ത്തിരിക്കുന്നത് സൂക്ഷ്മശ്രദ്ധയോടെയാണ്. അനൂപ് മേനോനും ധര്‍മ്മജനും നിറഞ്ഞാടുന്ന സീനുകള്‍ ആവേശമുയര്‍ത്തുന്നു.

ഇവര്‍ക്കു പുറമേ മനോജ് കെ ജയന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, സരയൂ, ധര്‍മ്മജന്‍, കൈലാഷ്, സാജല്‍ സുദര്‍ശന്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, അബുസലീം, ജയന്‍ ചേര്‍ത്തല, മന്‍രാജ് തുടങ്ങി നിരവധി അറിയപ്പെടുന്ന നടീനടന്‍മാര്‍ വേഷമിടുന്ന ചിത്രത്തിന്റെ രചന ദിനേശ് പള്ളത്തും നിര്‍മ്മിച്ചിരിക്കുന്നത് അബ്രഹാം മാത്യുവും സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ്.