ജീവിതത്തില്‍ ആദ്യമായി എഴുതിയ തിരക്കഥ, വെള്ളിത്തിര കണ്ടില്ല; സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു

ഓം ശാന്തി ഓശാന സിനിമയുടെ തിരക്കഥ ഒരുക്കിയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സിനിമാ രംഗത്തേക്ക് എത്തിയത്. എന്നാല്‍ താന്‍ എഴുതിയ ആദ്യ തിരക്കഥ ഇതുവരെ വെള്ളിത്തിര കണ്ടിട്ടില്ല എന്നാണ് മിഥുന്‍ പറയുന്നത്. ആദ്യ തിരക്കഥയുടെ ഫോട്ടോ പങ്കുവച്ചാണ് മിഥുന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

“”നോസ്റ്റാള്‍ജിയ പോസ്റ്റ്… തുടക്കം… എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിതത്തില്‍ ആദ്യമായി എഴുതിയ തിരക്കഥയുടെ ഫോട്ടം… ഒഫ് കോഴ്‌സ് കഥ വെള്ളിത്തിര കണ്ടിട്ടില്ല… എഴുത്ത് പ്രതി സൂക്ഷിച്ചു വെച്ച് ഫോട്ടോ അയച്ചു തന്നത് നന്‍പന്‍”” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒരു ദേശം കഥ പറയുന്നു എന്ന് പേരിട്ട തിരക്കഥയുടെ ആദ്യ പേജാണ് ഫോട്ടോയില്‍.

https://www.facebook.com/MidhunManuelThomas/posts/989043664897430

ഇത് സിനിമയാക്കണം എന്നുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് ഒരുക്കി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മിഥുന്‍ ഇപ്പോള്‍. തിരുവോണദിനത്തിലാണ് അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് ഒരുക്കുന്ന സന്തോഷം മിഥുന്‍ പങ്കുവച്ചത്.

റിലയന്‍സ് എന്റെര്‍ടെയിന്‍മെന്റും ആഷിഖ് ഉസ്മാനും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. ഡോ. അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനല്‍ സൈക്കോളജിസ്റ്റായി കുഞ്ചാക്കോ ബോബന്‍ എത്തിയ സിനിമ അടുത്തിടെ ഇറങ്ങിയതില്‍ വച്ച് മികച്ച ക്രൈം ത്രില്ലര്‍ ആയിരുന്നു.