'അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്, ഓര്‍ക്കാനും പറയാനും ഇഷ്ടമല്ലാത്ത കാര്യമാണത്'

“തന്‍മാത്ര” എന്ന ബ്ലെസി ചിത്രത്തിലൂടെയാണ് നടി മീര വാസുദേവ് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. മോഹന്‍ലാലിന്റെ ഭാര്യ ലേഖ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്. വ്യക്തി ജീവിതത്തില്‍ തന്റെ രണ്ട് വിവാഹങ്ങളും പരാജയമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

“”ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് മാത്രം പറയാം, വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു”” എന്ന് മീര ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

നേരത്തെ ഒരു മാനേജറെ കണ്ടെത്തിയതാണ് തന്റെ ജീവിതത്തിലെ തെറ്റായ ചോയ്‌സ് എന്ന് വെളിപ്പെടുത്തിയും താരം എത്തിയിരുന്നു. മാനേജറുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായിതന്റെ കരിയര്‍ ഉപയോഗിച്ചതായും താരം പറഞ്ഞിരുന്നു.