ലൈംഗികാരോപിതനായ സുഭാഷ് കപൂറിന്റെ ചിത്രത്തില്‍ നിന്ന് പിന്മാറിയത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയെന്ന് വിമര്‍ശനം; കാരണം തുറന്നു പറഞ്ഞ് ആമിര്‍ ഖാന്‍

കഴിഞ്ഞ വര്‍ഷം വലിയ മീ ടൂ ആരോപണങ്ങളാണ് ബോളിവുഡിനെ പിടിച്ചു കുലുക്കിയത്. അതില്‍ വളരെ ശ്രദ്ധ നേടിയ ആരോപണം പ്രശസ്ത സംവിധായകന്‍ സുഭാഷ് കപൂറിനെതിരെയുള്ളതായിരുന്നു. ഈ ആരോപണം ചൂടു പിടിച്ചതോടെ നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചലച്ചിത്ര രംഗത്തുള്ളവര്‍ സുഭാഷ് കപൂറുമായി സഹകരിക്കുന്നതില്‍ നിന്ന് വിട്ടുനിന്നു. അതേതുടര്‍ന്ന് സുഭാഷിന്റെ മൊഗുള്‍ എന്ന ചിത്രത്തില്‍ നിന്ന് താനും ഭാര്യ കിരണ്‍ റാവുവും പിന്മാറുന്നതായി ആമിര്‍ ഖാന്‍ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഭാഗമാകില്ലെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇപ്പോഴിതാ സംവിധായകനൊപ്പം സിനിമ ചെയ്യുമെന്നറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആമിര്‍ ഖാന്‍. നടന്റെ തീരുമാനം എത്തിയ ഉടന്‍ തന്നെ വിമര്‍ശനവുമായി ധാരാളം പേര്‍ രംഗത്ത് വന്നു. അന്ന് പ്രശസ്തിയ്ക്ക് വേണ്ടിയാണ് ആമിര്‍ എത്തിയതെന്നായിരുന്നു വിമര്‍ശനം.

‘ഞാനും കിരണുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്, അതില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ഈ ചിത്രത്തിനെ പറ്റി ആലോചിച്ച് തുടങ്ങുന്ന സമയത്ത് സുഭാഷ് കപൂറിനെതിരെ ഒരു കേസുള്ള കാര്യം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എനിക്ക് തോന്നുന്നു ഇത് അഞ്ചോ ആറോ വര്‍ഷം പഴക്കമുള്ള കേസാണ്. കഴിഞ്ഞ വര്‍ഷം, മീ ടൂ ആരോപണത്തിന്റെ സമയത്ത് ഈ കേസിനെ കുറിച്ച് പരാമര്‍ശം വന്നു. അപ്പോഴാണ് ഇതിനെ കുറിച്ച് അറിയുന്നത്. ഞങ്ങള്‍ അസ്വസ്ഥരായിരുന്നു. ആരോപണം സുഭാഷ് കപൂര്‍ നിഷേധിക്കുകയായിരുന്നു. ജോലിസ്ഥലത്ത് ലൈംഗിക അതിക്രമത്തെ കുറിച്ച് ലഭിച്ച ഒരു കേസായിരുന്നില്ല ഇത്.

അത്തരമൊരു കേസ് ഉണ്ടായിരുന്നെങ്കില്‍, അത് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയിലേക്ക് പോകുമായിരുന്നു, കൂടാതെ നിശ്ചിത സമയത്തിനുള്ളില്‍ ഐ.സി.സി കേസില്‍ വിധി പറയുമായിരുന്നു. എന്നിരുന്നാലും, ഈ വിഷയം ഒരു കോടതിയുടെ പരിധിയിലായിരുന്നു. കോടതികള്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് അറിയാന്‍ സാധിച്ചത്.ലൈംഗിക അതിക്രമത്തോട് കിരണിനും എനിക്കും സഹിഷ്ണുതയില്ല. അതേസമയം ഐ.സി.സി വിധി, അല്ലെങ്കില്‍ കോടതി വിധി ഇല്ലാതെ അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് ഞങ്ങള്‍ എങ്ങനെ തീരുമാനിക്കും? ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല. നാം ആരെയാണ് വിശ്വസിക്കേണ്ടത്? വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു അത്, സിനിമയില്‍ നിന്ന് സ്വയം അകലം പാലിക്കാന്‍ ഞങ്ങള്‍ എടുത്ത തീരുമാനം. ആമിര്‍ പറഞ്ഞു.