ബാദുഷയും  ഷിനോയ് മാത്യുവും സാരഥികൾ; മാറ്റിനി ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് ചെയ്ത് ഫഹദ് ഫാസില്‍

ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമായ മാറ്റിനിയുടെ ലോഗോ പ്രകാശനം ചെയ്ത് നടന്‍ ഫഹദ് ഫാസില്‍. ബുധനാഴ്ച്ച വൈകുന്നേരം ഏഴ് മണിക്കായിരുന്നു ലോഗോ പ്രകാശനം നടന്നത്.

ഫഹദ് തന്റെ ഫെയ്സ്ബുക്കില്‍ പ്രകാശനത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങള്‍ക്കും അലച്ചിലുകള്‍ക്കും വിരാമമിട്ടു കൊണ്ട്, കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്‌നീഷ്യന്‍സിനെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് എക്‌സ്‌ക്ലൂസിവ് ആയ വെബ്‌സീരിസുകള്‍, സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ നിര്‍മ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തില്‍ മാറ്റിനിയുടെ പ്രവര്‍ത്തനം.

നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിര്‍മ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകള്‍ ലഭ്യമാക്കുന്ന/ഓപ്പണ്‍ ആയിരിക്കുന്ന ഒരു ടാലന്റ് പൂള്‍ ആയിട്ടായിരിക്കും മാറ്റിനി പൊതുവെ പ്രവര്‍ത്തിക്കുക. മാറ്റിനി ഒ ടി ടി പ്ലാറ്റ് ഫോം ഉടന്‍ തന്നെ പ്ലേ സ്റ്റോറിലും ഐ സ്റ്റോറിലും ലഭ്യമാകുന്നതായിരിക്കും.