കേരളത്തിന്റെ ഹരിതാഭയും പച്ചപ്പും നിറഞ്ഞ ‘ഹള്‍ക്കേട്ടന്‍’; ഓണാശംസകള്‍ നേര്‍ന്ന് മാര്‍വെല്‍

സന്തോഷവും സമൃദ്ധിയും നിറഞ്ഞ നല്ല കാലത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. നാടും നഗരവും തിരുവോണാഘോഷത്തിന്റെ തിരക്കിലാണ്. കഴിഞ്ഞ വര്‍ഷം ഓണം പ്രളയം കവര്‍ന്നെങ്കിലും വീണ്ടും ഒരു പ്രളയകാലത്തെ അതിജീവിച്ച ജനത ഇത്തവണ ഓണാഘോഷത്തെ കൈയൊഴിഞ്ഞിട്ടില്ല.

ഓണാഘോഷത്തില്‍ നാട് നഗരവും തിളങ്ങി നില്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഓണാംശയുമായി എത്തിയിരിക്കുകയാണ് മാര്‍വെല്‍ സ്റ്റുഡിയോ. ജനപ്രിയ കഥാപാത്രം ഹള്‍ക്ക് ഓണ സദ്യ കഴിക്കുന്ന ചിത്രം പങ്കുവെച്ചാണ് മാര്‍വലിന്റെ ഓണാശംസ. ഓണ സദ്യ ഓകെ, ഹള്‍ക്ക് മോഡ് ഓക്കെ എന്ന് കുറിച്ച് ഒപ്പം ഓണാശംസകളും നേര്‍ന്നിരിക്കുന്നു. നിരവധി മലയാളികളാണ് പോസ്റ്റിനടയില്‍ ഓണാശംസകള്‍ക്ക് നന്ദി അറിയിച്ച് കമന്റുമായി എത്തുന്നത്.

മാര്‍വല്‍ കോമിക്‌സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് ഹള്‍ക്ക്. സ്റ്റാന്‍ ലീ, ജാക്ക് കിര്‍ബി എന്നിവര്‍ ചേര്‍ന്നാണ് ഈ കഥാപാത്രത്തെ നിര്‍മ്മിച്ചത്. സയന്റിസ്റ്റ് ആയ ബ്രൂസ് ബാനര്‍ അണുവികിരണം ഏറ്റാണ് അമാനുഷിക ശക്തിയുള്ള ഹള്‍ക്ക് ആയത്. ഹള്‍ക്ക് എന്ന കഥാപാത്രം കണ്ണുംമൂക്കുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒന്നാണെങ്കിലും ഹള്‍ക്കിന്റെ അപരവ്യക്തിത്വമായ ബ്രൂസ് ബാനര്‍ അങ്ങനെയല്ല. ഒരു ബുദ്ധിപരീക്ഷയ്ക്കും അളക്കാനൊക്കാത്ത ഐക്യു നിലവാരമാണ് ബ്രൂസിനുള്ളത്.