ദ്രാവിഡിന്റെ ചിത്രവുമായി സേതുലക്ഷ്മി; 'മറിയം വന്ന് വിളക്കൂതി'യുടെ കിടിലന്‍ പോസ്റ്റര്‍

ജെനിത് കാച്ചപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “മറിയം വന്ന് വിളക്കൂതി”യുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. നടി സേതുലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. മഞ്ജു വാര്യരാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. മറിയാമ്മ എന്ന കഥാപാത്രമാണ് സേതുലക്ഷ്മി വേഷമിടുന്നത്.

പുത്തന്‍ വേഷപ്പകര്‍ച്ചയിലാണ് സേതുലക്ഷ്മി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലിം, ബൈജു, ബേസില്‍ ജോസഫ്, എം.എ. ഷിയാസ്, ബിനു അടിമാലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലറായാണ് ഒരുക്കുന്നത്. സിനോജ് പി. അയ്യപ്പന്‍ ഛായഗ്രാഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.