ഭാഷ കടുകട്ടിയെന്ന് ജാവേദ് അലി; ആദ്യ മലയാളം ഗാനത്തിനായി വരികള്‍ പറഞ്ഞു പഠിപ്പിച്ച് നാദിര്‍ഷ; മേക്കിംഗ് വീഡിയോ

നാദിര്‍ഷായുടെ പുതിയ ചിത്രം “മേരാ നാം ഷാജി”യിലെ “മര്‍ഹബാ” എന്ന ഗാനം ആലപിക്കുന്നത് ജാവേദാണ്. എന്തിരനിലെ “കിളിമന്‍ജാരോ”യും, തുപ്പാക്കിയിലെ “അലൈക ലൈക്ക”യും ഒക്കെ പാടിയ അതേ ജാവേദ് തന്നെ. മുമ്പ് ഗാംങ്ങ്സ്റ്ററിലെ ഗാനം പാടിയിരുന്നെങ്കിലും ഇതാദ്യമായാണ് മലയാള ഭാഷയിലൊരു പാട്ട് ജാവേദ് ആലപിക്കുന്നത്. മര്‍ഹബാ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പങ്കു വെച്ചിരിക്കുകയാണ് ഇപ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. തെന്നിന്ത്യന്‍ ഭാഷകളായ കന്നടയിലും, തമിഴിലും പാടിയിട്ടുണ്ടെങ്കിലും കടുകട്ടി ഭാഷ മലയാളം തന്നെയെന്ന് ജാവേദ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

അമര്‍ അക്ബര്‍ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 2018 നവംബര്‍ മാസം ചിത്രീകരണം ആരംഭിച്ചു. ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്.

വിനോദ് ഇല്ലംപിള്ളിയാണ് ഡി ഒ പി. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിംഗും എമില്‍ മുഹമ്മദ് സംഗീതവും നിര്‍വഹിക്കും. മൂന്നു ഷാജിമാരായി ബിജു മേനോന്‍, ബൈജു, ആസിഫ് അലി എന്നിവര്‍ വേഷമിടുന്നു. ഷാജി, ഷാജി സുകുമാരന്‍, ഷാജി ജോര്‍ജ് എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങള്‍.