ഒരേ ലക്ഷ്യത്തോടെ മോഹന്‍ലാലും പ്രണവും; പോസ്റ്ററില്‍ ആദ്യമായി ഒന്നിച്ച് അച്ഛനും മകനും

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ “മരക്കാര്‍: അറബിക്കടലിന്റെ സിംഹം”. പ്രിയദര്‍ശന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്.

പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആദ്യമായി പോസ്റ്ററില്‍ ഒന്നിച്ചിരിക്കുകയാണ് മോഹന്‍ലാലും പ്രണവും. തീക്ഷ്ണതയുള്ള നോട്ടത്തില്‍ അമ്പെയ്യുന്ന മോഹന്‍ലാലും പ്രണവ് മോഹന്‍ലാലുമാണ് പോസ്റ്ററിലുള്ളത്.

വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തെന്നിന്ത്യന്‍ താരം പ്രഭു, ബോളുവുഡ് നടന്‍ സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, മധു, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മാര്‍ച്ച് 26നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.