മരക്കാറിന്റെ റിലീസ് തടയണമെന്ന ഹര്‍ജി: ഇടപെടാനാവില്ലെന്ന് ഹൈക്കോടതി, കത്രിക വെയ്ക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്

പ്രിയദര്‍ശന്‍ ചിത്രം “മരക്കാര്‍: അറബിക്കടലി”ന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. കുഞ്ഞാലി മരക്കാറുടെ പിന്മുറക്കാരി മുസീബ മരക്കാര്‍ ആണ് സിനിമക്കെതിരെ ഹൈക്കോടതിയെ സമര്‍പ്പിച്ചത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു ഹര്‍ജി. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.

അനാവശ്യമായി കത്രിക വെയ്ക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡും നിലപാടെടുത്തിട്ടുണ്ട്. മാര്‍ച്ച് 26-നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, മഞ്ജു വാര്യര്‍, പ്രഭു, മധു, സിദ്ദിഖ്, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.