‘പാര്‍വതിയാണോ നായിക, നീ തീര്‍ന്നെടാ’; ഭീഷണി സന്ദേശങ്ങളെ കുറിച്ച് ‘ഉയരെ’ സംവിധായകന്‍

ആസിഡ് ആക്രമണത്തിനെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥപറഞ്ഞ് മനു അശോകന്‍ ചിത്രം ഉയരെ വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. ചിത്രത്തില്‍ പല്ലവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതി തിരുവോത്തായിരുന്നു. ചിത്രത്തിലേക്ക് നായികയായി പാര്‍വതിയെ പരിഗണിച്ചപ്പോള്‍ തനിക്ക് ഏറെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നെന്ന് മനു അശോക് പറയുന്നു.

‘നീ തീര്‍ന്നടാ’ എന്നായിരുന്നു ഒരു സന്ദേശം. അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെയെന്നു മറുപടിയും നല്‍കി. ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉയരെയുടെ പ്രദര്‍ശനത്തിനു ശേഷം മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു മനു അശോകന്‍. പാര്‍വതിയല്ലാതെ മാറ്റാരെയും ആ വേഷത്തിലേക്കു സങ്കല്‍പിക്കാന്‍ കഴിയില്ലായിരുന്നുവെന്നും മനു പറഞ്ഞു.

മനു അശോകന്റെ ആദ്യ സംവിധാന സംരഭമായിരുന്നു പാര്‍വതി നായികയായ ‘ഉയരെ’. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ബോബി-സഞ്ജയ് ടീമിന്റെ കരിയറിലെ വ്യത്യസ്ത കഥാഖ്യാനമാണ് ഉയരെ. ആസിഫ് അലി, ടൊവീനോ തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.