'വയറുനിറയെ കഴിക്കാന്‍ രുചിയുള്ള ഭക്ഷണവും, വയറു വേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ' എന്ന് മഞ്ജു; ധ്യാനിന്റെ പുതിയ കഴിവ് ഏറ്റെടുത്ത് ആരാധകരും

മഞ്ജു വാര്യരുടെ പുതിയ പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശ്രീനിവാസന്‍, ധ്യാന്‍, സംവിധായകന്‍ ധനില്‍ ബാബു എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ധ്യാനിന്റെ പാചകത്തെ പുകഴ്ത്തിയാണ് മഞ്ജുവിന്റെ പോസ്റ്റ്.

”സന്തോഷം എന്തെന്നാല്‍ നിങ്ങള്‍ക്ക് നന്നായി പാചകം ചെയ്യുന്ന സുഹൃത്തുക്കള്‍ ഉണ്ടാവുകയും… ഉച്ച ഭക്ഷണത്തിന് നിങ്ങള്‍ക്ക് എപ്പോഴും പ്രിയങ്കരനായ ഒരാള്‍ കൂടെ ഉണ്ടാവുകയും ചെയ്യുന്നതാണ്. വയറുനിറയെ കഴിക്കാന്‍ രുചിയുള്ള ഭക്ഷണവും, വയറു വേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ…ആന്‍ഡ് ഷെഫ് ധ്യാന്‍ ശ്രീനിവാസന്‍” എന്നാണ് ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ശ്രീനിവാസന്റെയും കുടുംബത്തിന്റെയും പഴയ അഭിമുഖ വീഡിയോ വൈറലായിരുന്നു. ഇതില്‍ താരം പറയുന്ന സംഭാഷണങ്ങള്‍ എടുത്ത് ചോദിച്ചു കൊണ്ടാണ് ചിലരുടെ കമന്റുകള്‍. അഭിമുഖത്തില്‍ നവ്യ നായരെ ഇഷ്ടമായിരുന്നുവെന്നും വിനീതിന് മീര ജാസ്മിനെ ഇഷ്ടമായിരുന്നുവെന്നും ധ്യാന്‍ പറയുന്നുണ്ട്.

അതേസമയം, ധനില്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 9 എം.എമ്മിലാണ് മഞ്ജു വാര്യരും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചെത്തുന്നത്. സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.