ഉത്തരേന്ത്യയിലെ പ്രളയത്തില്‍ കുടുങ്ങി മഞ്ജു വാര്യരും സംഘവും

പ്രളയത്തില്‍ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനല്‍ കുമാര്‍ ശശിധരന്റെ “കയറ്റം” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാചല്‍പ്രദേശില്‍ എത്തിയതായിരുന്നു മഞ്ജുവും സംഘവും. കുളുമണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് നടിയും സംവിധായകനും ഷൂട്ടിംഗ് സംഘവും കുടുങ്ങി കിടക്കുന്നത്.

മഞ്ജുവും സനലും അടക്കം 30 പേരാണ് സംഘത്തിലുള്ളത്. ശക്തമായ പ്രളയക്കെടുതിയില്‍ 200 വിദേശ സഞ്ചാരികളടക്കം കുടുങ്ങിയിരിക്കുകയാണെന്ന് സഹോദരന്‍ മധു വാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണം മാത്രമാണ് കൈവശമുള്ളതെന്നും താരം അറിയിച്ചു.

മൂന്നാഴ്ചയായി മഞ്ജുവും സംഘവും ഛത്രുവില്‍ എത്തിയിട്ട്. ശക്തമായ മഴയും മണ്ണിടിച്ചലിനെയും തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിഷയം ശ്രദ്ധയില്‍പ്പെട്ടതായും ഷൂട്ടിങ് സംഘത്തെ രക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സനല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “കയറ്റ”ത്തിന്റെ ഷൂട്ടിങ് ഹിമാലയത്തില്‍ ചിത്രീകരിക്കാനായാണ് മഞ്ജു ഛത്രുവിലെത്തിയത്. ഉത്തരേന്ത്യയില്‍ നിന്നുള്ള നാടക കലാകാരന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി തുടരുകയാണ്.