മഞ്ജുവും സംഘവും ഇന്ന് മടങ്ങില്ല; ഷൂട്ടിംഗിന് കുറച്ചു സമയം കൂടി വേണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടു

ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും ഇന്ന് മടങ്ങില്ല. സനല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “കയറ്റ”ത്തിന്റെ ഷൂട്ടിംഗ് ഹിമാലയത്തില്‍ ചിത്രീകരിക്കാനായാണ് മഞ്ജു ഛത്രുവിലെത്തിയത്.

നാളെ രാവിലെ തന്നെ മടങ്ങുമെന്നും ഷൂട്ടിംഗിന് കുറച്ചു സമയം കൂടി വേണമെന്നും സംഘം, ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. മഞ്ജുവിനെയും സംഘത്തെയും കോക്ചാര്‍ ബേസ് ക്യാമ്പില്‍ എത്തിക്കുന്നതിനുള്ള ശ്രമം നടന്നിരുന്നു.

മഞ്ജുവും ഷൂട്ടിംഗ് സംഘവും വിനോദ സഞ്ചാരികളുമടക്കം 140 പേരാണ് ഹിമാചല്‍പ്രദേശിലെ ഛത്രയില്‍ കുടുങ്ങിയത്. മഞ്ജുവും സനലും അടക്കം ഷൂട്ടിംഗ് സംഘത്തില്‍ 30 പേരാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ചയായി മഞ്ജുവും സംഘവും ഛത്രയില്‍ എത്തിയിട്ട്. ശക്തമായ മഴയും മണ്ണിടിച്ചലിനെയും തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.