മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി; മണാലിയിലേക്ക് യാത്ര തിരിച്ചു

പ്രളയത്തില്‍ കുടങ്ങിയ നടി മഞ്ജു വാര്യരേയും സംഘത്തേയും രക്ഷപ്പെടുത്തി. ഇവര്‍ സുരക്ഷിതരാണെന്നും സംഘം മണാലിയിലേക്ക് യാത്ര തിരിച്ചതായും കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചു. നേരത്തെ മഞ്ജുവിനും സംഘത്തിനും ആഹാരം എത്തിച്ചതായും ലാഹോല്‍ സ്പിതി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചിരുന്നു.

മഞ്ജുവും ഷൂട്ടിങ് സംഘവും വിനോദ സഞ്ചാരികളുമടക്കം 140 പേരാണ് ഹിമാചല്‍പ്രദേശിലെ ഛത്രയില്‍ കുടുങ്ങിയിരുന്നത്. മഞ്ജുവും സനലും അടക്കം ഷൂട്ടിങ് സംഘത്തില്‍ 30 പേരാണ് ഉണ്ടായിരുന്നത്. സഹോദരന്‍ മധു വാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്നാഴ്ചയായി മഞ്ജുവും സംഘവും ഛത്രയില്‍ എത്തിയിട്ട്. ശക്തമായ മഴയും മണ്ണിടിച്ചലിനെയും തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.

സനല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “കയറ്റ”ത്തിന്റെ ഷൂട്ടിങ് ഹിമാലയത്തില്‍ ചിത്രീകരിക്കാനായാണ് മഞ്ജു ഛത്രുവിലെത്തിയത്. ഉത്തരേന്ത്യയില്‍ നിന്നുള്ള നാടക കലാകാരന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.