മണിരത്‌നത്തിന് കോവിഡ്, സംവിധായകന്‍ ആശുപത്രിയില്‍

സംവിധായകന്‍ മണിരത്‌നത്തിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് മണിരത്‌നത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

സുഖമില്ലാതായതിനേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംവിധായകന് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ തുടരുന്ന അദ്ദേഹം ആരോഗ്യവാനാണെന്നും മറ്റ് രോഗലക്ഷണങ്ങളില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ഇതേപേരിലുള്ള ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

വിക്രം, ജയംരവി, കാര്‍ത്തി, തൃഷ, ഐശ്വര്യാ റായ്, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതിയായ ചിത്രത്തിന് എ.ആര്‍.റഹ്‌മാനാണ് സംഗീതമൊരുക്കുന്നത്.

ഇളങ്കോ കുമാരവേലാണ് തിരക്കഥ. രവിവര്‍മനാണ് ഛായാഗ്രഹണം. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം സെപ്തംബര്‍ 30 ന് റിലീസ് ചെയ്യും.