'ബിലാലിന്റെ കുടുംബത്തിന് മുരുകനേക്കാള്‍ സ്‌നേഹം റിമി ടോമിയോട്'; ബിഗ് ബി രണ്ടാം ഭാഗത്തെ കുറിച്ച് മംമ്ത

മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് “ബിലാല്‍”. 2007-ല്‍ പുറത്തിറങ്ങിയ “ബിഗ് ബി”യുടെ രണ്ടാം ഭാഗമാണ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുകയാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ബിഗ് ബിയില്‍ ബാല അവതരിപ്പിച്ച മുരുകന്‍ എന്ന കഥാപാത്രത്തിന്റെ കാമുകി റിമി ടോമി ആയാണ് മംമ്ത വേഷമിട്ടത്.

ബിഗ് ബിയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ബിലാലില്‍ 13 വയസ് കൂടും എന്നാണ് മംമ്ത ഏഷ്യനെറ്റിനോട് വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് മമ്മൂട്ടിയുടെ കഥാപാത്രം ബിലാലിന് കുറച്ചൊരു അകല്‍ച്ചയുള്ള കഥപാത്രമായിരുന്നു റിമി ടോമിയെങ്കില്‍ ഇപ്പോള്‍ അവള്‍ ആ കുടുംബത്തിലെ അംഗമാണ് ബാലയുടെ മുരുകനേക്കാള്‍ സ്‌നേഹം റിമിക്ക് ആ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുണ്ട്.

ബിഗ് ബിയില്‍ ഒരു സീനില്‍ ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ ആ ഗ്യാങ്ങിന്റെ ഭാഗം തന്നെയാണ്. അത്തരത്തിലുള്ള പക്വത എല്ലാവര്‍ക്കും ഉണ്ടാവും. അതേ ആക്ടിവിറ്റീസ്, പക്ഷേ പുതിയ ഗ്യാങ്ങ് മെമ്പേഴ്‌സ് എന്ന് മംമ്ത പറയുന്നു.

സംവിധായകന്‍ അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ബിഗ് ബി. രണ്ടു വര്‍ഷം മുമ്പാണ് രണ്ടാം ഭാഗം എത്തുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 26-ന് ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ കോവിഡ് കാരണം മാറ്റി വെയ്ക്കുകയായിരുന്നു.