ഭരണത്തുടര്‍ച്ചയ്ക്ക് കൈയടിച്ച് മമ്മൂട്ടിയും മോഹന്‍ലാലും; പിണറായി വിജയന് അഭിനന്ദനങ്ങളുമായി താരങ്ങള്‍

ചരിത്രവിജയം നേടി പിണറായി വിജയനും സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. പിണറായി വിജയന് കൈകൊടുത്തു കൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

”നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍” എന്നാണ് മമ്മൂട്ടി കുറിച്ചത്. ഭരണ തുടര്‍ച്ചയിലേക്ക് കാല്‍ വെയ്ക്കുന്ന പിണറായി സര്‍ക്കാരിന് ആശംസകളുമായി മോഹന്‍ലാലും രംഗത്തെത്തി.

”നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഭരണ തുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കള്‍ക്കും എന്റെ എല്ലാവിധ ആശംസകള്‍” എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ചാണ് പിണറായി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വര്‍ഷത്തെ കാലാവധി തികച്ച് പിന്നെയും വിജയം നേടുന്നത്. 99 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ചരിത്രം കുറിച്ചത്. ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ചയുണ്ടാവുന്നതും ചരിത്രത്തില്‍ ഇതാദ്യമാണ്.