ലൂക് ആന്റണി പ്രേക്ഷകര്‍ക്ക് മുന്നില്‍; 'റോഷാക്' ഇന്ന് തിയേറ്ററുകളില്‍

മമ്മൂട്ടി ചിത്രം ‘റോഷാക്’ ഇന്ന് തിയേറ്ററുകളിലേക്ക്. ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തിയേറ്റര്‍ ലിസ്റ്റ് മമ്മൂട്ടി തന്നെ പങ്കുവച്ചിട്ടുണ്ട്. ലൂക് ആന്റണി എന്ന ഏറെ വ്യത്യസ്തതയുള്ള കഥാപാത്രമായാണ് മമ്മൂട്ടി റോഷാക്കില്‍ വേഷമിടുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ആണ്.

ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്.

തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ്. ചിത്ര സംയോജനം കിരണ്‍ ദാസ്. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ സംഗീതം മിഥുന്‍ മുകുന്ദനും സൗണ്ട് ഡിസൈനര്‍ നിക്സണും നിര്‍വഹിക്കുന്നു.

പ്രോജക്ട് ഡിസൈനര്‍: ബാദുഷ, കലാസംവിധാനം :ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ചമയം : റോണക്സ് സേവ്യര്‍-എസ്. ജോര്‍ജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പിആര്‍ഓ : പ്രതീഷ് ശേഖര്‍.