'ത്രില്ലടിപ്പിക്കുന്ന മമ്മൂട്ടി ഷോ, ചങ്കിലേക്ക് തുളച്ചു കയറുന്ന ബി.ജി.എം'; റോഷാക്ക് പ്രേക്ഷക പ്രതികരണം

മമ്മൂട്ടിയുടെ ‘റോഷാക്ക്’ ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണം. ഇന്ന് രാവിലെ ഫാന്‍സ് ഷോകളോടെയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ പ്രേക്ഷകരെ മിസ്റ്ററി നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്ക് കൂട്ടികൊണ്ടു പോവുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രം എത്തുന്നതോടെ സിനിമ കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നുണ്ട്. ഓരോ കഥാപാത്രങ്ങള്‍ക്കും ഒന്നിലധികം തലങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് സിനിമ സഞ്ചരിക്കുന്നത്. ഒരു മികച്ച ഇന്റര്‍വല്‍ പഞ്ച് നല്‍കി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ആദ്യ പകുതി.

രണ്ടാം പകുതില്‍ നടക്കാന്‍ പോകുന്ന ആകാംഷ നിറഞ്ഞ സംഭവവികാസങ്ങളുടെ അടിത്തറയാണ് ഒന്നാം പകുതിയില്‍ സംവിധായകനും രചയിതാവും ചേര്‍ന്ന് ഉണ്ടാക്കിയത്. വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തിയ മമ്മൂട്ടി കയ്യടി നേടുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.

ഇതുവരെ കാണാത്ത ഒരു ദൃശ്യാനുഭവം സമ്മാനിക്കാന്‍ റോഷാക്കിന് സാധിക്കുന്നുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങള്‍. ഷറഫുദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.