തോക്കുമായി മമ്മൂട്ടി, 'പുഴു' ക്രൈം ത്രില്ലര്‍?; ഫസ്റ്റ് ലുക്ക്

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കാറില്‍ തോക്കുമായാണ് പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് മാസം രണ്ടാം വാരം ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ സെറ്റില്‍ സെപ്റ്റംബര്‍ 11ന് ആണ് മമ്മൂട്ടി ജോയിന്‍ ചെയ്തത്.

പുഴുവിന്റെ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ.

വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാര്‍വതി നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. തേനി ഈശ്വറാണ് ഛായാഗ്രഹണം.