'സംവിധാനം ചെയ്യുന്നതിനിടെ എന്നെ എടുത്ത് നടന്ന് ഫ്രെയ്മിലേക്ക് കൊണ്ടുവന്ന വ്യക്തി'; സേതുമാധവനെ അനുസ്മരിച്ച് സിനിമാലോകം

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകന്‍മാരില്‍ ഒരാളായ കെ.എസ് സേതുമാധവന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാലോകം. മലയാള സിനിമയുടെ ഗതി നിര്‍ണയിച്ച സംവിധായകന്‍ മമ്മൂട്ടി, കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ”സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിര്‍ത്തിയ എന്നും സ്‌നേഹത്തോടും വാത്സല്യത്തോടും ചേര്‍ത്ത് നിര്‍ത്തിയ സേതു സാറിന് ആദരാഞ്ജലികള്‍” എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

”സ്‌ക്രീനില്‍ അനശ്വരമായ ഇതിഹാസങ്ങള്‍ സൃഷ്ടിച്ച സംവിധായകനാണ് കെ.എസ്. നവതംരഗ സിനിമകള്‍ക്ക് അദ്ദേഹം അടിസ്ഥാനമിട്ടു. അവ മലയാള സിനിമയുടെ തന്നെ ഗതി തീരുമാനിച്ചു. തന്റെ സൃഷ്ടികളിലൂടെ അദ്ദേഹം എന്നന്നേക്കും ഓര്‍മിക്കപ്പെടും. നല്ല സിനിമ എന്നാല്‍ എന്തെന്ന് പഠിപ്പിച്ച എന്റെ സേതുസാറിന് ആദരാഞ്ജലികള്‍” എന്ന് കമല്‍ഹാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരന്‍ ശ്രീ കെ.എസ് സേതുമാധവന്‍ സാറിന് ആദരാഞ്ജലികള്‍. മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളില്‍ തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു. സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം” എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”ആറ് വയസ്സ് പ്രായമുള്ള എന്നെ സംവിധാനം ചെയ്യുന്നതിന്റെ മധ്യേ സെറ്റില്‍ എടുത്തു നടന്ന് എന്നെ ആദ്യമായി ഫ്രെയിമിലേക്ക് കൊണ്ടുവന്ന വ്യക്തി. എന്റെ അച്ഛന്റെ ഏറ്റവുമടുത്ത സുഹൃത്ത്. സെല്ലുലോയ്ഡുമായുള്ള എന്റെ പൊക്കിള്‍ക്കൊടി ബന്ധം സ്ഥാപിച്ച എന്റെ അമ്മ. സേതുമാധവന്‍ സാറിന് ഒരായിരം ആദരാഞ്ജലികള്‍” എന്ന് സുരേഷ് ഗോപി കുറിച്ചു.