ആന്ധ്രാ മുന്‍മുഖ്യമന്ത്രിയുടെ ബയോപ്പിക്കില്‍ മമ്മൂട്ടി ?

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥ സിനിമയാകുമ്പോള്‍ മമ്മൂട്ടി നായകനായേക്കും എന്ന് സൂചന. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് മമ്മൂട്ടി നായകനായേക്കുമെന്ന ഊഹാപോഹങ്ങള്‍ പുറത്തുവരുന്നത്. മമ്മൂട്ടിക്കൊപ്പം തന്നെ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

എന്നാല്‍, കാസ്റ്റിംഗിന്റെ കാര്യത്തില്‍ എന്തെങ്കിലും സ്ഥിരീകരണം നല്‍കാന്‍ സംവിധായകന്‍ മാഹി വി രാഘവ് കൂട്ടാക്കിയില്ല. “ഈ സമയത്ത് കാസ്റ്റ് ആന്‍ഡ് ക്രൂവിനെക്കുറിച്ച് സംസാരിക്കാനായിട്ടില്ല. പ്രോജക്ടിന്റെ ടൈംലൈന്‍ പോലും ഇതുവരെ നിശ്ചയിച്ചിട്ടില്ല. വൈഎസ്ആറിനെക്കുറിച്ചുള്ള ബയോപിക് ഒരുങ്ങുന്നുണ്ടെന്നത് സത്യമാണ്. പക്ഷെ, അതിന്റെ തിരക്കഥ പോലും പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ തിരക്കഥ പൂര്‍ത്തിയാക്കാനാണ്. അതിന് ശേഷം മാത്രമെ മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളു” .

1999-2004 വരെയുള്ള കാലഘട്ടത്തിന്റെ കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പ്രശസ്ത പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

മമ്മൂട്ടിയോ നാഗാര്‍ജ്ജുനയോ സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. നാഗാര്‍ജ്ജുന സിനിമയുടെ മുഴുവന്‍ സ്‌ക്രിപ്റ്റ് കാണണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.