മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍, സംവിധാനം ബി. ഉണ്ണികൃഷ്ണന്‍

മമ്മൂട്ടി വീണ്ടും പൊലീസ് വേഷം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നതെന്നാണ് സൂചന. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ജൂലൈ രണ്ടാം വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മമ്മൂട്ടി ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്‌തേക്കും.

ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാവും ഈ ചിത്രമൊരുക്കുകയെന്നും, യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാവും ഈ ചിത്രമൊരുക്കുകയെന്നും നേരത്തെ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

ചിത്രത്തില്‍ മഞ്ജു വാരിയറും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വമ്പന്‍ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യാനും പ്ലാനുണ്ട്.