അമ്പരപ്പിക്കുന്ന ലുക്കില്‍ മുംബൈയില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി; മാമാങ്കത്തിന്റെ പ്രമോഷന്‍ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

തന്റെ ബിഗ് ബജറ്റ് ചരിത്ര സിനിമ മാമാങ്ക റിലീസിംഗ് തിരക്കിലാണ് മമ്മൂട്ടി ഇപ്പോള്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രചരണത്തിനായി മുംബൈയില്‍ എത്തിയ മമ്മൂട്ടിയെ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ് ബിടൗണ്‍ മാധ്യമങ്ങള്‍.

ഡെനിം ഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസുമായി ബോളിവുഡ് താരങ്ങളെപ്പോലും വെല്ലുന്ന ലുക്കിയായിരുന്നു മമ്മൂട്ടിയുടെ വരവ്. സംവിധായകന്‍ എം. പത്മകുമാര്‍, രചയിതാവ് ശങ്കര്‍ രാമകൃഷ്ണന്‍, നിര്‍മാതാവ് വേണു കുന്നപ്പിള്ളി, നായിക പ്രാചി തെഹ്ലാന്‍ എന്നിവര്‍ മമ്മൂട്ടിക്കൊപ്പം മുംബൈയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മാമാങ്കം ടീം കേരളത്തിനു പുറത്ത് പ്രമോഷനുമായി യാത്രയിലാണ്.

എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് മാമാങ്കം തീയേറ്ററുകളിലെത്തുക. 50 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ഹിന്ദി ട്രെയ്ലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.