വിവാദങ്ങള്‍ക്കു വിരാമം; മാമാങ്കത്തിന് മമ്മൂട്ടിയുടെ അറുപത് ദിവസങ്ങള്‍

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഷൂട്ടിംഗ് ആരംഭിച്ച സിനിമയാണ് സജീവ് പിള്ള എന്ന നവാഗത സംവിധായകന്റെ മാമാങ്കം. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ സംവിധായകനും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും അതിനെ തുടര്‍ന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വാര്‍ത്തകള്‍ പുറത്തു വരികയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിനായി അറുപത് ദിവസം മമ്മൂട്ടി നല്‍കിയിരിക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു.

മാമാങ്കത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി 20ന് കൊച്ചിയിലെ ലൊക്കേഷനില്‍ എത്തും.  മമ്മൂട്ടി അഭിനയിക്കുന്ന അറുപത്  സീനുകള്‍ ഇതോടെ പൂര്‍ത്തിയാവും. എം. പദ്മകുമാറാണ് സംവിധായകന്‍.

ചരിത്രസിനിമയായ മാമാങ്കം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്നാണ് വിശേഷിപ്പിക്കുന്നത്. ഉണ്ണിമുകുന്ദനാണ് മാമാങ്കത്തിലെ മറ്റൊരു പ്രധാന താരം. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ വിഎഫ് എക്സ് ടീമാണ് മാമാങ്കത്തിനായും ദൃശ്യവിസ്മയങ്ങള്‍ തീര്‍ക്കുന്നത് .