‘തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാം, ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കൂ’; മോളി കണ്ണമാലിയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി.  മോളി കണ്ണമാലിയുടെ വീട്ടില്‍ മമ്മൂട്ടിയുടെ പിഎ നേരിട്ടെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാം എന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കൂ എന്നുമാണ് അറിയിച്ചിരിക്കുന്നതെന്ന് മോളിയുടെ മകന്‍ സോളി പറഞ്ഞു.

‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സാര്‍ എത്തുന്നത്. അദ്ദേഹത്തിന്റെ പി.എ വീട്ടില്‍ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ ഉടന്‍ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിത്സയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്.’ സോളി മനോരമയോട് പറഞ്ഞു.

നേരത്തെ ബിനീഷ് ബാസ്റ്റിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ തന്റെ അവസ്ഥ അറിഞ്ഞ് മമ്മൂട്ടി സഹായവാഗ്ദാനം നടത്തിയിട്ടുണ്ടെന്ന് മോളി വെളിപ്പെടുത്തിയിരുന്നു.
അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. അടിയന്തരമായ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.