സബ് ഇന്‍സ്പെക്ടര്‍ മണിയായി മമ്മൂട്ടി; ‘ഉണ്ട’ ഈദിന് തിയേറ്ററുകളില്‍

മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹമാന്‍ ചിത്രം ‘ഉണ്ട’ ജൂണ്‍ ആദ്യ വാരത്തില്‍ ഈദ് റിലീസായി തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂക്ക വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഉണ്ട. ഛത്തീസ്ഘഡില്‍ ഒരു തിരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വിനയ് ഫോര്‍ട്ട്, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. കണ്ണൂരിലും കാസര്‍ഗോഡിലും വയനാട്ടിലും ഛത്തീസ്ഗഡിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. എപ്രില്‍ 12ന് പുറത്തിറങ്ങുന്ന മധുരരാജയ്ക്കൊപ്പം ‘ഉണ്ട’ ടീസറും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം.