'ഒന്നും പറയാനില്ല'; മാമാങ്കം പ്രേക്ഷകപ്രതികരണം

ആരാധകരുടെ നീണ്ട കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മാമാങ്കം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തി. ചിത്രത്തിന്റെ ആദ്യ പകുതി കഴിഞ്ഞതിനു പിന്നാലെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങളും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. ആദ്യ പകുതി പ്രേക്ഷകരെ ത്രസിപ്പിക്കുന്നത് തന്നെയാണെന്നാണ് പ്രതികരണങ്ങള്‍. മാമാങ്കത്തിന്റെ ചരിത്രം പ്രേക്ഷകരെ പരിചയപ്പെടുത്തിക്കൊണ്ടു ആരംഭിക്കുന്ന ഈ ചിത്രം ആദ്യ പകുതിയില്‍ പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നു. റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിനും അപ്പുറമാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ചാവേറുകള്‍ക്കൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രം പറയാന്‍ മാമാങ്കം നാല് ഭാഷകളിലായി നാല്‍പത്തിയഞ്ച് രാജ്യങ്ങളിലാണ് റിലീസിന് എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് പ്രേക്ഷകരിലേക്ക് മാമാങ്കം എത്തിയിരിക്കുന്നത്.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം. ജയചന്ദ്രന്‍ ആണ്.