‘മധുരരാജ’ റിലീസ് ചെയ്യേണ്ട തിയേറ്റര്‍ പൂട്ടി; നിരാശരായ ആരാധകര്‍ക്ക് ഒടുവില്‍ ആശ്വാസം

മധുരരാജയുടെ റിലീസിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ പെട്ടെന്ന് പൂട്ടിയാലോ? ഫലം നിരാശ. മധുരരാജ റിലീസിന് എത്താനിരുന്ന കാസര്‍ഗോഡ് മെഹബൂബ് തിയേറ്റര്‍ കോംപ്ലക്സാണ് പൂട്ടിയത്. ഇന്നലെ റിലീസിനെത്തിയ ചിത്രം മെഹബൂബില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പത്രത്തിലടക്കം പരസ്യമുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വ്യാഴാഴ്ച നഗരസഭാ അധികൃതര്‍ തിയേറ്റര്‍ പൂട്ടുകയായിരുന്നു.സിനിമയുടെ ആദ്യപ്രദര്‍ശനം തന്നെ കാണാന്‍ എത്തിയ നിരവധി ആളുകള്‍ ഇതോടെ നിരാശരായി. പലരും തങ്ങളുടെ രോഷംപ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് കാസര്‍ഗോഡ് തന്നെയുള്ള മറ്റൊരു തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചതോടെയാണ് അവര്‍ ശാന്തരായത്. അഗ്നിസുരക്ഷാ സംവിധാനമില്ലാത്തതിന്റെ പേരിലാണ് തിയേറ്ററിനെതിരെ ഹൈക്കോടതി നടപടിയെടുത്തത്. മധുരരാജയുടെ റിലീസിനിടെ ഇത്തരത്തിലൊരു പ്രശ്നമുണ്ടായതില്‍ ഫാന്‍സ് അസോസിയേഷനും പ്രതിഷേധിച്ചു. ഉച്ചയോടെ കാസര്‍ഗോഡ് മറ്റൊരു തിയേറ്ററില്‍ 3.30 ന് പ്രദര്‍ശനം വെച്ചതോടെ പ്രശ്നത്തിനു പരിഹാരമായി. സിനിമ കഴിഞ്ഞശേഷം തിയേറ്ററിനു മുമ്പില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ് ആരാധകര്‍ മടങ്ങിയത്. പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കിയ ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.