കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; ‘വണ്ണി’ന്റെ ചിത്രീകരണം അടുത്ത മാസം

മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തുക്കളായ സഞ്ജയ്- ബോബി ടീം ആദ്യമായി മമ്മൂട്ടിയ്ക്ക് വേണ്ടി രചിച്ചിരിക്കുന്ന ചിത്രമാണ് വണ്‍. കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുക എന്നൊരു വലിയ പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം മൂന്നാം വാരത്തോടെ ആരംഭിക്കും. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് വണ്‍ എന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോള്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തില്‍ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വന്‍ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ആ ചിത്രം ഈ മാസം ഇരുപത്തിയേഴിനു റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഒക്ടോബര്‍ അവസാനം റിലീസിന് എത്തുമ്പോള്‍ ഷൈലോക്ക് ക്രിസ്മസ് ചിത്രം ആയാണ് എത്തുക.

നവാഗതനായ വിപിന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിനും കൂടി മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മലയാളത്തിലും തമിഴിലും ആയാവും ആ ചിത്രം ഒരുക്കുക എന്നാണ് സൂചന.