മുഖ്യമന്ത്രിയായി മമ്മൂട്ടി; ചിത്രം പറയുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സംഭവം?

അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രം യാത്രയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുകയാണ്. ബോബി- സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി വേഷമിടുക. ചിത്രം കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവുമായി ബന്ധപ്പെട്ടതാണെന്നാണ് വിവരം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കുമ്പളങ്ങി നൈറ്റ്സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍ എന്നാണ് സിനിമയുടെ പേരെന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍, മുരളി ഗോപി എന്നിവരാകും ചിത്രത്തിലെ മറ്റുതാരങ്ങള്‍.

തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. അജയ് വാസുദേവ് ചിത്രം ഷൈലോക്കിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാമാങ്കമാണ് റിലീസിനെത്താന്‍ ഒരുങ്ങുന്ന പുതിയ മമ്മൂട്ടി ചിത്രം.