വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും, ഒപ്പം എണ്‍പതുകളിലെ നായികമാരും? സത്യം ഇതാണ്..

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച് സ്‌ക്രീനില്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒന്നിച്ചെത്തുന്ന സിനിമ ഉടന്‍ ഉണ്ടാകുമെന്ന ഗോസിപ്പുകളും പലപ്പോഴും പ്രചരിക്കാറുണ്ട്. ഇത്തരത്തിലൊരു റിപ്പോര്‍ട്ടാണ് വീണ്ടും പ്രചരിക്കുന്നത്.

വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. ലാല്‍ സലാം എന്ന അക്കൗണ്ടില്‍ നിന്നാണ് ഇക്കാര്യം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുമലതയും സുഹാസിനിയും വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നുവെന്നും ശോഭനയും ചിത്രത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല. അതേസമയം, ഭീഷ്മപര്‍വ്വം, പുഴു എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കുറുപ്പ് ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ ചിത്രം. നവംബര്‍ 12ന് റിലീസ് ചെയ്ത ചിത്രം 75 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്.