'അയ്യരെ' പോലെ പുറകില്‍ കൈകെട്ടി 'അരവിന്ദും'; 'സല്യൂട്ടി'ലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5’. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിലെ കഥാപാത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.

സേതുരാമയ്യര്‍ പുറകില്‍ കൈകെട്ടി നില്‍ക്കുന്നതായിട്ടായിരുന്നു സ്റ്റില്ലിലുണ്ടായിരുന്നത്. ഇപ്പോഴിതാ അതിന് പിന്നാലെ മകന്‍ ദുല്‍ഖര്‍ സല്‍മാനും അതേ പോസില്‍ കൈകെട്ടിയുള്ള ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ ‘സല്യൂട്ടി’ലെ സ്റ്റില്ലാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്.


റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന ‘സല്യൂട്ട്’ ദുല്‍ഖറിന്റേതായി വരാനിരിക്കുന്ന പുതിയ സിനിമയാണ്. കുറുപ്പിന് പിന്നാലെ ഈ മാസം 14നാണ് ചിത്രത്തിന്റെ റിലീസ്. ‘അരവിന്ദ് കരുണാകരന്‍’ എന്ന പൊലീസ് കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെത്തുന്നത്.


ബോബി- സഞ്ജയ് ആണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ‘മുംബൈ പൊലീസി’നു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പോലീസ് സിനിമയുമാണിത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ജേക്‌സ് ബിജോയ്‌യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം അസ്‌ലം പുരയിലും നിര്‍വ്വഹിക്കുന്നു. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിനിമയുടെ നിര്‍മ്മാണം.