'ഏജന്റ്' എത്താന്‍ ഇനിയും വൈകും; മമ്മൂട്ടി-അഖില്‍ അഖിനേനി ചിത്രത്തിന് സംഭവിച്ചത്

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ന്റെ റിലീസ് വീണ്ടും നീട്ടിയയെന്ന് റിപ്പോര്‍ട്ട്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ജനുവരി 15-നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രം സംക്രാന്തിയ്ക്ക് ശേഷം മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമയുടെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വൈകുന്നത് മൂലമാണ് റിലീസ് നീട്ടുന്നത്. ‘ചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിച്ചു, കുറച്ച് മാസത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. എല്ലാ സാധ്യതകളിലും, സംക്രാന്തിക്ക് ശേഷം മാത്രമേ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കഴിയൂ, അതിനാല്‍ അവര്‍ അതിന്റെ റിലീസ് അനിശ്ചിതമായി മാറ്റിവച്ചിരിക്കുന്നു’, അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഒക്ടോബര്‍ 12-നായിരുന്നു സിനിമയുടെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. അഖില്‍ അക്കിനേനിയാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന സിനിമയില്‍ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

നവാഗതയായ സാക്ഷി വൈദ്യയാണ് അഖിലിന്റെ നായിക. ഹിപ്പോപ്പ് തമിഴനാണ് സംഗീതം നല്‍കുന്നത്. രാകുല്‍ ഹെരിയനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് നവീന്‍ നൂലിയാണ്. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.