ചിത്രീകരണം പൂര്‍ത്തിയാവും മുമ്പേ റെക്കോഡിട്ട് മമ്മൂട്ടിയുടെ മാമാങ്കം; 18 ഏക്കറില്‍ ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാസെറ്റുകളിലൊന്ന്

മലയാളത്തില്‍ റിലീസാവാന്‍ തയ്യാറെടുക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായെത്തുന്ന ചരിത്രസിനിമ മാമാങ്കം. വിവാദങ്ങളെല്ലാം പിന്നിട്ട് എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. 18 ഏക്കര്‍ വിസ്തൃതിയില്‍ ചിത്രത്തിനായുള്ള കൂറ്റന്‍ സെറ്റുയര്‍ത്തിയിരിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വര്‍ക്കുകളിലൊന്നാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥ പറയുന്ന സിനിമയില്‍ മമ്മൂട്ടിയ്ക്ക് പുറമേ ഉണ്ണി മുകുന്ദനുമുണ്ട്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി സിനിമയില്‍ അവതരിപ്പിക്കുന്നത്.

കനിഹയും അനു സിത്താരയുമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തരുണ്‍ രാജ് അറോറ, പ്രാചി ടെഹ്ലാന്‍, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ എന്നിവരും ചിത്രത്തിലുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.