കാത്തിരിപ്പ് ഇനിയും നീളും, 'മാമാങ്ക'ത്തിന്റെ റിലീസ് നീട്ടി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം “മാമാങ്ക”ത്തിന്റെ നീട്ടി. നവംബര്‍ 21ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലേക്ക് എത്തുക. സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

“”മലയാളത്തിനു പുറമെ മറ്റു ഭാഷകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ നമ്മള്‍ മുമ്പ് കാണാത്ത ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നു. സിനിമയുടെ റിലീസ് നീണ്ടതില്‍ മാമാങ്കം ടീം മാപ്പ് ചോദിക്കുന്നു. സിനിമയുടെ മറ്റുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം ഡിസംബര്‍ 12ന് റിലീസ് ചെയ്യും”” എന്നാണ് മാമാങ്കം ടീം അറിയിച്ചത്.

മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വര്‍ക്കുകളിലൊന്നാണ് മാമാങ്കത്തിനായി ഒരുങ്ങിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

Read more