“മാമാങ്കം  മൂവി വൗച്ചര്‍’; ഇത് മലയാള സിനിമയില്‍ ആദ്യം!

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ റിലീസിനൊരുങ്ങുകയാണ്. ഡിസംബര്‍ 12നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കായി മറ്റൊരു സുവര്‍ണാവസരം കൂടിയാണ് മാമാങ്കം ടീം ഒരുക്കിയിരിക്കുന്നത്. മാമാങ്കം ഗെയിം പോലെ ബുക്ക് മൈ ഷോയുമായി കൈകോര്‍ത്ത് മറ്റൊരു വ്യത്യസ്ത പ്രൊമോഷനുമായാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.

ബുക്ക് മൈ ഷോയില്‍ നിന്ന് 200 രൂപയുടെ മാമാങ്കം  മൂവി വൗച്ചര്‍ വാങ്ങിയാല്‍ മാമാങ്കം ടിക്കറ്റിന് 100 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ലഭിക്കാന്‍ പോകുന്നത്.  ഡിസംബര്‍ 5 വരെ മൂവി വൗച്ചര്‍ സ്വന്തമാക്കുന്നവര്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക. ബുക്ക് മൈ ഷോ ആപ്പില്‍ നിന്നും വൗച്ചര്‍ സ്വന്തമാക്കാം. ഈ വൗച്ചര്‍ നിങ്ങളുടെ രജിസ്റ്റേഡ് ഇമെയില്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പരില്‍ വരും. ഇതിലെ വൗച്ചര്‍ കോഡ് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയാല്‍ 100 രൂപ ഇളവ് ലഭിക്കും. മാമാങ്കം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രൊമോഷന്‍ പരിപാടിയെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

 

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രന്‍.