പവിഴ മഴയായ് പെയ്ത് ഉയിരില്‍ തൊട്ടുപോയ ഗാനങ്ങള്‍; 2019 ലെ മലയാളം ഹിറ്റ്‌സ്

ഒരുപാട് നല്ല ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചാണ് 2019 കടന്നു പോകുന്നത്. എത്ര കേട്ടാലും മതിവരാത്ത എത്ര ഏറ്റുപാടിയാലും മനം മടുക്കാത്ത മനോഹര ഗാനങ്ങള്‍ സംഗീത പ്രേമികള്‍ക്ക് ഈ വര്‍ഷം ലഭിച്ചു. ആസ്വാദനത്തെ ആഴത്തില്‍ സ്പര്‍ശിച്ച ഗാനങ്ങള്‍ നിരവധി. 2019 പടിയിറങ്ങുമ്പോള്‍ പ്രേക്ഷകരെ ഏറെ സ്പര്‍ശിച്ച ചില ഗാനങ്ങളിലൂടെ….

പവിഴ മഴയേ…. (അതിരന്‍)

ദൂരെ ഒരു മഴവില്ലിൻ
ഏഴാം വർണം പോൽ
തൂവൽ കവിളിണയിൽ
നിൻ മായാലാവണ്യം

ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നാണ് അതിരനിലെ “പവിഴമഴയേ…” എന്ന ഗാനം. ഫഹദ് ഫാസിലും സായ്പല്ലവിയും അഭിനയിച്ച ഗാനത്തിന്റെ രംഗങ്ങളും പാട്ട് പോലെ തന്നെ മനോഹരമായിരുന്നു. കെ.എസ്. ഹരിശങ്കര്‍ ആണ് ഈ മനോഹര ഗാനം ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയഹരിയാണ് ഈണം പകര്‍ന്നത്. 17 മില്യന്‍ കാഴ്ചക്കാരാണ് യൂട്യൂബില്‍ ഈ ഗാനത്തിനുള്ളത്.

പറയുവാന്‍ ഇതാദ്യമായ്… (ഇഷ്‌ക്)

പറയുവാൻ ഇതാദ്യമായ് വരികൾ മായേ…
മിഴികളിൽ ഒരായിരം മഴവിൽ പോലേ…
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും…
പതിയെ ഞാൻ തൊടുന്നതും അവളോ മായും…
തീരാതെ ഉള്ളിലിനി ഇളമഞ്ഞിൻ ചൂടേ..
നൂറാണു നിന്റെ ചിറകിനു ചേലെഴും തൂവാലേ…
നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും…
തേൻകണങ്ങൾ തിളങ്ങും നേരം പിന്നെയും… 

ഷെയന്‍ നിഗത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത ചിത്രമാണ് ഇഷ്‌ക്. അനുരാഗ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പറയുവാന്‍ ഇതാദ്യമായി എന്ന് തുടങ്ങുന്ന ഗാനം ഈ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുള്ള ഗാനമാണ്. സിദ് ശ്രീറാമും നേഹ എസ് നായരും കൂടിയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് ജെയ്ക്‌സ് ബിജോ സംഗീതം നല്‍കിയിരിക്കുന്നു. 18 മില്യന്‍ കാഴ്ചക്കാരാണ് യൂട്യൂബില്‍ ഉള്ളത്.

ഉയിരില്‍ തൊടും… (കുമ്പളങ്ങി നൈറ്റ്‌സ്)

ഉയിരില്‍ തൊടും തളിര്‍
വിരലാവണേ നീ
അരികേ നടക്കണേ അലയും
ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാള്‍ കിനാക്കുടിലില്‍
ചെന്നണയുമിരു നിലാവലയായ്….

പ്രണയ നിമിഷങ്ങള്‍ ഒപ്പിയെടുത്ത കുമ്പളങ്ങി നൈറ്റ്സിലെ ഉയിരില്‍ തൊടും… എന്നു തുടങ്ങുന്ന ഗാനം ഈ വര്‍ഷം സംഗീത പ്രേമികല്‍ ഏറെ ആവര്‍ച്ചു കേട്ട ഗാനങ്ങളിലൊന്നാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്ന ഗാനം സൂരജ് സന്തോഷും ആന്‍ ആമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 30 മില്യന്‍ കാഴ്ച്ചക്കാരാണ് ഗാനത്തിന് യൂട്യൂബിലുള്ളത്.

ആരാധികേ…. (അമ്പിളി)

ആരാധികേ..
മഞ്ഞുതിരും വഴിയരികേ…
നാളേറെയായ്..
കാത്തുനിന്നു മിഴിനിറയേ…

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് അമ്പിളി. അമ്പിളിയിലെ ആരാധികേ ഗാനം സംഗീത പ്രേമികള്‍ ഏറെ ഏറ്റുപാടിയ ഗാനമാണ്. സൂരജ് സന്തോഷും മധുവന്തി നാരായണനും ചേര്‍ന്ന പാടിയ ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതാണ്. വിജയ് സംഗീതം നിര്‍വഹിച്ച ഗാനത്തിന് 13 മില്യണ്‍ കാഴ്ചക്കാര്‍ ആണ് യൂട്യൂബില്‍ ഉള്ളത്.

നീ ഹിമമഴയായ്… (എടക്കാട് ബറ്റാലിയന്‍ 06)

നീ ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാല്‍ തൊടൂ
ഈ മിഴിയിണയില്‍ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം നിന്നെ നോക്കീ
യുഗമേറെയെന്റെ കണ്‍ ചിമ്മിടാതെ
എന്‍ ജീവനേ…..

സ്വപ്‌നേഷ് സംവിധാനം ചെയ്ത “എടക്കാട് ബെറ്റാലിയന്‍ 06” എന്ന ചിത്രത്തിലെ ഈ പാട്ട് കേള്‍ക്കാത്ത മലയാളികള്‍ വിരളം. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് കൈലാസ് മേനോന്‍ ആണ്. ഹരിശങ്കറും യുവഗായിക നിത്യ മാമ്മനും ചേര്‍ന്നാണ് പാടിയത്. 78 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരാണ് ഗാനത്തിന് യൂട്യൂബിലുള്ളത്.

നീ മുകിലോ…. (ഉയരെ)

നീ മുകിലോ പുതുമഴ മണിയോ
തൂ വെയിലോ ഇരുളല നിഴലോ
അറിയില്ലെന്നു നീയെന്ന ചാരുതാ
അറിയാമിന്നിതാണെന്റെ ചേതനാ…

Read more

മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രത്തലെ ഗാനമാണ് ഇത്. ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ഗാനം സിത്താര കൃഷ്ണകുമാറും വിജയ് യേശുദാസും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. 10 മില്യന്‍ കാഴ്ച്ചക്കാരാണ് ഗാനത്തിന് യൂട്യൂബിലുള്ളത്.