ആക്ഷനും റൊമാന്‍സും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ മാളവിക പാര്‍ക്കോവ് ട്രെയ്‌നിംഗില്‍

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം “മാസ്റ്ററി”ന്റെ ലുക്ക് പോസ്റ്ററുകള്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മാളവിക മോഹനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. റൊമാന്‍സിനൊപ്പം ആക്ഷനും ഒരുപോലെ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിക്കുക.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി പാര്‍കോവ് ട്രെയിനിംഗിലാണ് മാളവിക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. “കൈദി”യുടെ സര്‍പ്രൈസ് ഹിറ്റിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് എത്തുന്നത്.

അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സത്യന്‍ സൂര്യയുടേതാണ് ഛായാഗ്രഹണം. വിജയ് സേതുപതിയും വിജയ്‌യും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയായതിനാല്‍ ആവേശത്തോടെയാണ് ആരാധകര്‍ മാസ്റ്ററിനായി കാത്തിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.