‘മാന്യമായ വസ്ത്രം’ ധരിച്ച് വിമര്‍ശകരുടെ വായടപ്പിച്ച് മാളവിക; പിന്തുണച്ച് പാര്‍വതിയും ശ്രിന്ദയും

പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്ന നടിയാണ് മാളവിക മോഹനന്‍. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍ രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമര്‍ശിച്ച് എത്തിയവര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മാളവിക. ഗ്ലാമര്‍ ലുക്കിലുള്ള ചിത്രത്തോടൊപ്പം താന്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കുമെന്ന കുറിപ്പിലൂടെയാണ് മാളവിക വിമര്‍ശകരെ നേരിട്ടത്.

‘മാന്യയായ പെണ്‍കുട്ടി ഇങ്ങിനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തില്‍ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവെയ്ക്കുന്നു. എന്തു വേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാന്‍ ധരിക്കും.’ മാളവിക ഹാഫ് ജീന്‍സില്‍ ഗ്ലാമര്‍ വസ്ത്രം ധരിച്ച് കസേരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചു.

ഇതേ വസ്ത്രം അണിഞ്ഞ ചിത്രം പോസ്റ്റ് ചെയ്തതിനെതിരെയാണ് നടിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. നിരവധി ആളുകളാണ് മാളവികയെ പിന്തുണച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. നടിയെ പിന്തുണച്ച് ശ്രിന്ദ, പാര്‍വതി തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.