'മേജര്‍ എങ്ങനെ ജീവിച്ചു എന്നാണ് സിനിമ'; സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ഒരുങ്ങുന്നു, ഓര്‍മ്മകളുമായി 'മേജര്‍' ടീം

2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആയി സ്‌ക്രീനിലെത്തുന്നത്. “മേജര്‍” എന്ന് പേരിട്ട ചിത്രത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തിലാണ് വീഡിയോ പുറത്തു വിട്ടത്. “മേജര്‍ ബിഗിനിംഗ്സ്” എന്ന വീഡിയോയില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ചതിനെ കുറിച്ചാണ് അദിവി ശേഷ് പറയുന്നത്. “ഗൂഡാചാരി” എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സാഷി കിരണ്‍ ടിക്ക ആണ് മേജര്‍ സംവിധാനം ചെയ്യുന്നത്. പാന്‍ ഇന്ത്യ ചിത്രമായി ഒരുങ്ങുന്ന മേജര്‍ അടുത്ത വര്‍ഷമാണ് റിലീസിനെത്തുക.

സന്ദീപ് ഉണ്ണികൃഷ്ണന്‍ എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ചിത്രത്തിലൂടെ പറയുന്നത് എന്നാണ് അദിവി ശേഷ് വീഡിയോയില്‍ വ്യക്തമാക്കി. സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടതു മുതല്‍ മേജറിന്റെ മാതാപിതാക്കളെ കണ്ട വരെയുള്ള അനുഭവമാണ് അദിവി പറയുന്നത്.

അദിവി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശോഭിത ധൂലിപാലിയ, സായീ മഞ്ജരേക്കര്ഡ, പ്രകാശ് രാജ്, രേവതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സോണി പിക്‌ചേഴ്‌സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിന്റെ ജി.എം.ബി. എന്റടെയ്ന്‍മെന്റ്, എ പ്ലസ് എസ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

മുംബൈ ഭീരാക്രമണത്തില്‍ താജ് ഹോട്ടലില്‍ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എന്‍.എസ്.ജി. കമാന്‍ഡോയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ രാജ്യം അശോക ചക്ര നല്‍കി ആദരിച്ചു.