മഹേഷ് നാരായണന്‍ ഇനി ബോളിവുഡിലേക്ക്; 'ഫാന്റം ഹോസ്പിറ്റല്‍' വരുന്നു

സംവിധായകന്‍ മഹേഷ് നാരായണന്‍ ബോളിവുഡിലേക്ക്. ‘ഫാന്റം ഹോസ്പിറ്റല്‍’ എന്ന ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ആരോഗ്യരംഗത്തെ ചൂഷണത്തെപ്പറ്റി പറയുന്ന ത്രില്ലറായിരിക്കും ചിത്രം. തല്‍വാര്‍, റാസി, ബദായി ഹോ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച പ്രീതി ഷഹാനിയാണ് നിര്‍മ്മാതാവ്.

ആകാശ് മൊഹിമനും മഹേഷ് നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജോസി ജോസഫ് സഹനിര്‍മ്മാതാവാണ്. ആരോഗ്യരംഗത്തെ ഞെട്ടിക്കുന്ന ചൂഷണങ്ങളെ കുറിച്ച് പഠനം നടത്തിയ ജോസി ജോസഫിന്റെ കണ്ടെത്തലുകള്‍ ചിത്രത്തിന് ആധാരമാകും.

അതേസമയം, മാലിക് ആണ് മഹേഷ് നാരായണിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസില്‍ നായകനായ ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. അറിയിപ്പ്, ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞ് എന്നിവയാണ് മഹേഷ് നാരായണന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.