നിങ്ങളെ പോലെ തിമിരം ബാധിച്ചവര്‍ എന്നെ ബഹുമാനിക്കുന്നുണ്ടോ എന്നത് പ്രശ്‌നമല്ല; പൂജാമുറിയില്‍ കുരിശ് എന്തിനെന്ന് വിമര്‍ശിച്ചവര്‍ക്ക് മാധവന്റെ കുറിക്കു കൊള്ളുന്ന മറുപടി

രക്ഷാബന്ധന്‍, സ്വാതന്ത്ര്യ ദിനം, ആവണി അവിട്ടം, എന്നീ വിശേഷാവസരങ്ങളോടനുബന്ധിച്ചു നടന്‍ മാധവന്‍ ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ കുടുംബ ചിത്രം പങ്കു വെച്ചിരുന്നു. വീട്ടിലെ പൂജാമുറില്‍ മൂന്നു തലമുറക്കാര്‍ ഇരിക്കുന്ന ചിത്രത്തിന് ആരാധകര്‍ കൈയടിച്ചപ്പോള്‍ മറ്റൊരു കൂട്ടം ആളുകള്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനവുമായി രംഗത്ത് വന്നു. പൂജാമുറിയില്‍ ഗണപതി വിഗ്രഹത്തിന് അടുത്തിരിക്കുന്ന കുരിശിലായിരുന്നു വിമര്‍ശകരുടെ കണ്ണ്. “”ഇവിടെ എന്തിനാണ് ഒരു കുരിശ്? ഇതെന്താ അമ്പലമാണോ? നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ഹിന്ദു ദൈവങ്ങള്‍ ഉണ്ടാവാറുണ്ടോ? ഇന്ന് നിങ്ങള്‍ ചെയ്തത് ഒരു ഫേക്ക് ഡ്രാമയാണ്,”” എന്നൊക്കെ ജിക്‌സ എന്ന പ്രൊഫൈലില്‍ നിന്ന് കമന്റുകളെത്തി.

വിമര്‍ശനങ്ങള്‍ അതിരു കടന്നപ്പോള്‍ അതിനു കുറിയ്ക്കു കൊള്ളുന്ന മറുപടിയുമായി താരവുമെത്തി.””നിങ്ങളെ പോലുള്ള ആളുകള്‍ എന്നെ ബഹുമാനിക്കുന്നുണ്ടോ എന്നത് എനിക്ക് വിഷയമേയല്ല. നിങ്ങള്‍ക്ക് വേഗം സുഖപ്പെടട്ടെ. നിങ്ങളുടെ തിമിരം കൊണ്ടാവാം, അവിടെ (പൂജാ മുറിയില്‍) ഉള്ള സുവര്‍ണ ക്ഷേത്രത്തിന്റെ പടം നിങ്ങള്‍ കാണാതെ പോയതും ഞാന്‍ സിഖ് മതത്തിലേക്ക് മാറിയോ എന്ന് ചോദിക്കാഞ്ഞതും,”” മാധവന്‍ മറുപടി കുറിപ്പില്‍ പറഞ്ഞു.

“”എന്റെ വീട്ടില്‍ എല്ലാ ജാതി-മതക്കാരും ഉണ്ട്. ഞങ്ങള്‍ പൊതുവായ ഒരിടത്തു നിന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ഞാന്‍ ആരാണ് എന്നും, എന്റെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാനും കുഞ്ഞുനാള്‍ മുതലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതേ പോലെ തന്നെ എല്ലാ മത-വിശ്വാസങ്ങളെയും ആദരിക്കാനും.” മാധവന്‍ കൂട്ടിച്ചേര്‍ത്തു.

Read more