ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; നാദിര്‍ഷയ്ക്ക് പിന്തുണ അറിയിച്ച് മാക്ട

ജയസൂര്യ നാദിര്‍ഷ ചിത്രം ഈശോയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് മാക്ട. പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മാക്ട വ്യക്തമാക്കി. നാദിര്‍ഷയ്ക്ക് മാക്ട എക്‌സിക്യൂട്ടീവ് കമ്മറ്റി എല്ലാ പിന്തുണയും അറിയിക്കുന്നതായും സംഘടന വ്യക്തമാക്കി.

മാക്ട വൈസ് ചെയര്‍മാന്‍ എം പദ്മകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാജൂണ്‍ കാര്യാല്‍, മധുപാല്‍, അന്‍വര്‍ റഷീദ്, സേതു, മാര്‍ത്താണ്ഡന്‍,എന്‍ എം ബാദുഷ,പി കെ ബാബുരാജ്, ഗായത്രി അശോക്,എ എസ് ദിനേശ് എന്നിവര്‍ സംസാരിച്ചു.

സിനിമയ്ക്ക് ഈശോ എന്ന പേരിട്ടതിന് എതിരെ ക്രൈസ്തവ സമൂഹം രംഗത്തെത്തിയിരുന്നു. പി.സി ജോര്‍ജ്, കത്തോലിക്ക കോണ്‍ഗ്രസ്, കെസിബിസി അടക്കമുള്ള സംഘടനകളും ഈശോ എന്ന പേരിനെതിരെ രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേരില്‍ സിനിമ പുറത്തിറക്കാന്‍ അനുവദിക്കില്ല എന്നിങ്ങനെ വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ ആയിരുന്നു പി.സി സിനിമയ്ക്കെതിരെ നടത്തിയത്.