'വടക്കന്‍ വീരഗാഥയിലേത് പോലെ വിധിയ്ക്ക് കീഴങ്ങുന്ന മമ്മൂട്ടി കഥാപാത്രം അല്ല'; മാമാങ്കത്തെക്കുറിച്ച് സംവിധായകന്‍

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ മാമാങ്കം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ വീരഗാഥയില്‍ അസിസ്റ്റന്റായിരുന്ന കാലത്ത് ഒരിക്കല്‍ പോലും മമ്മൂട്ടിയെ നായകനാക്കി ഇത്രയും വലിയൊരു ചരിത്ര സിനിമ താന്‍ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് പത്മകുമാര്‍ പറയുന്നു.

മമ്മൂട്ടിയുടെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും മാമാങ്കമെന്നും സംവിധായകന്‍ പറഞ്ഞു. ചരിത്രവിഷയമാക്കിയ പഴശ്ശിരാജയിലും ഒരു വടക്കന്‍ വീരഗാഥയിലും വിധിയോട് കീഴടങ്ങുന്ന കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എന്നാല്‍ മാമാങ്കത്തില്‍ അങ്ങനെയല്ല. ഇപ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് തുറന്നുപറയാന്‍ പറ്റില്ല. എന്നാലും പ്രേക്ഷകര്‍ക്ക് ഏറെ സര്‍പ്രൈസ് സമ്മാനിക്കുന്ന കഥാപാത്രമായിരിക്കുമത്.

ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരേ സമയം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യപ്പെടുന്ന മോളിവുഡ് ചിത്രമെന്ന ഖ്യാതിയും മാമാങ്കത്തിനുണ്ട്.. ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ മാമാങ്കം റിലീസ് ചെയ്യുമെന്നാണ് വിവരം.ബോളിവുഡ് നടി പ്രാച്ചി തെഹ്ലാനാണ് മാമാങ്കത്തിലെ നായിക.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വര്‍ക്കുകളിലൊന്നാണ് മാമാങ്കത്തിനായി ഒരുങ്ങിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.