സ്റ്റീഫനും രാജയും നേര്‍ക്കുനേര്‍; ലൂസിഫറിന്റെ ട്രെയിലറും മധുരരാജയുടെ ടീസറും ബുധനാഴ്ച റീലീസിന്

മലയാള സിനിമയില്‍ ഏറ്റവും അധികം ആരാധകരുള്ള രണ്ട് നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ ലൂസിഫറും മമ്മൂട്ടിയുടെ മധുരരാജയുമാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ലൂസിഫര്‍ മാര്‍ച്ച് 28 ന് എത്തുമ്പോള്‍ വിഷു റിലീസായാണ് മധുരരാജ എത്തുന്നത്. വരവിന് മുന്നോടിയായി ഇരു ചിത്രങ്ങളുടെയും ട്രെയിലറും ടീസറും ഒരേ ദിവസം എത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. മധുരരാജയുടെ ടീസര്‍ മാര്‍ച്ച് 20 ബുധനാഴ്ച എത്തുമ്പോള്‍ ലൂസിഫറിന്റെ ട്രെയിലറും അന്നേ ദിവസം രാത്രി ഒമ്പതിന് റിലീസ് ചെയ്യും.

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.

Image may contain: one or more people and text

പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും സ്‌ക്രീനില്‍ എത്തുന്നു. പുലിമുരുകനും മാസ്റ്റര്‍ പീസിനും ശേഷം ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാന്‍, പ്രിയങ്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more

https://www.facebook.com/vysakh.film.director/photos/a.549605681902007/1057145814481322/?type=3&theater