വിജയക്കുതിപ്പിനിടെ ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍; നാളെ മുതല്‍ സ്ട്രീം ചെയ്തു തുടങ്ങും

പൃഥ്വിരാജിന്റെ കന്നിസംവിധാന സംരഭമായ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ വിജയക്കുതിപ്പ് തുടരുകയാണ്. 150 കോടി രൂപ കളക്ഷന്‍ പിന്നിട്ട ചിത്രം അമ്പതാം ദിവസത്തേക്ക് കടക്കുകയാണ്. മാര്‍ച്ച് 28 ന് റിലീസ് ചെയ്ത ചിത്രം സിനിമയുടെ അമ്പതാം ദിനമായ നാളെ മുതല്‍ ഇന്റര്‍നെറ്റിലും പ്രദര്‍ശനത്തിന് എത്തുകയാണ്. ആമസോണ്‍ പ്രൈമില്‍ നാളെ മുതല്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.

മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമായിരിക്കുമെന്ന് ആമസോണ്‍ പ്രൈം ടീം ട്വിറ്ററിലൂടെ അറിയിച്ചു. വന്‍ വിജയം നേടിയ ഒരു മലയാളചിത്രം അമ്പതാം ദിനത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത് ഇത് ആദ്യമായിരിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന ചര്‍ച്ച സജീവമാണ്. ഇതുണ്ടാകും എന്ന സൂചനയാണ് അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതും.

ഫെയ്‌സ്ബുക്കില്‍ അടുത്തിടെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി കുറിച്ച “കാത്തിരിപ്പ് അധികം നീളില്ല” എന്ന പോസ്റ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഖുറേഷി അബ്‌റാമിന്റെ ജീവിതം പറയുന്ന കഥ വരുന്നു എന്ന സൂചനയായിട്ടാണ് ഇതിനെ ആരാധകര്‍ വിലയിരുത്തുന്നത്.